logo
SERVICE HELPE DESK KGVOA
kgvoaservicehelpdesk@gmail.com
Official Website of Kerala Government Veterinary Officers Association
Editorial Board
വെറ്ററിനറി ഡോക്ടർമാരോടുള്ള അവഗണന: ജനുവരി 27-ന് സംസ്ഥാന വ്യാപകമായി അവകാശ സംരക്ഷണ ദിനം

പ്രൊമോഷൻ സാധ്യതകൾ തീരെ ഇല്ലാത്ത മൃഗ സംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാക്ക് അനുവദിച്ച കരിയർ അഡ്വാൻസ്മെൻറ് സ്കീം (സി.എ.എസ്) തടഞ്ഞു വെക്കുന്നതിനെതിരെ കേരള ഗവൺമെൻറ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.വി.ഒ.എ) പ്രതിഷേധിക്കുന്നു. ജനുവരി 27 ന് സംസ്ഥാന വ്യാപകമായി അവകാശ സംരക്ഷണ ദിനമായി ആചരിക്കാൻ കെ.ജി.വി.ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഒൻപതാം ശമ്പള കമ്മീഷനാണു നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുന്ന വെറ്ററിനറി ഡോക്ടർമാർ അടക്കമുള്ള പ്രൊഫഷണൽ വിഭാഗങ്ങൾക്ക് സി.എ.എസ് ആനുകൂല്യം ശുപാർശ ചെയ്തത്. എന്നാൽ ഇതിനായി ഉത്തരവിറങ്ങിയപ്പോൾ വെറ്ററിനറി ഡോക്ടർമാരെ ഉൾപ്പെടുത്തിയില്ല. പത്താം ശമ്പള കമ്മീഷനിലും ഇത് പരിഹരിക്കപ്പെട്ടില്ല. ഇതിലെ അനീതി പത്താം ശമ്പള കമ്മീഷൻ്റെ അനോമാലി കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിനെ തുടർന്ന് 2017 ൽ വെറ്ററിനറി, ആയുർവേദ, ഹോമിയോ ഡോക്ടർമാർക്ക് കരിയർ അഡ്വാൻസ്മെൻറ് സ്കീം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ അത് റദ്ദാക്കുകയാണ് ഉണ്ടായത്. അതിനു ശേഷം പതിനൊന്നാം ശമ്പള കമ്മിഷൻ "മോഡിഫൈഡ് കരിയർ അഡ്വാൻസ്മെൻറ് സ്കീം" നൽകാൻ ശുപാർശ ചെയ്തെങ്കിലും, അതിൻ്റെ ആനുകൂല്യം അനുവദിക്കാതെ സെക്രട്ടറിതല സമിതി രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിടുകയാണ് ചെയ്തത്. ഒരുമാസത്തിനുള്ളിൽ മേൽപ്പറഞ്ഞ സമിതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും, 5 വർഷം കഴിഞ്ഞിട്ടും ഇതുവരെ റിപ്പോർട്ട് സമർപ്പിക്കുകയോ ആനുകൂല്യം നൽകുകയോ ചെയ്തിട്ടില്ല. മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ സേവന വേതന വ്യവസ്ഥകളെ കുറിച്ച് പഠിക്കാൻ സർക്കാർ പ്രത്യേകമായി നിയോഗിച്ച ഗീത പോറ്റി കമ്മീഷൻ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലും കരിയർ അഡ്വാൻസ്മെൻറ് സ്കീം നടപ്പിലാക്കാൻ ശുപാർശ ഉണ്ടായിരുന്നു. ഗീത പോറ്റി കമ്മീഷൻ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചിട്ടും കരിയർ അഡ്വാൻസ്മെൻറ് സ്കീം നടപ്പിലാക്കാത്തത് വെറ്ററിനറി ഡോക്ടർമാരോടുള്ള കടുത്ത വിവേചനമാണ്. നിലവിൽ ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്കും എൻജിനീയർമാർക്കും പ്രോസിക്യൂട്ടർമാർക്കും സ്കീമിൻ്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത Modified CAS അതേപടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രിക്ക് സംഘടന നിവേദനം നൽകി. വരാനിരിക്കുന്ന ശമ്പള പരിഷ്കരണത്തിൽ ഈ ആവശ്യങ്ങൾ പരിഗണിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.ജി.വി.ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ജനറൽ ട്രാൻസ്ഫർ - കോടതി ഇടപെടൽ